Tuesday, September 14, 2010

SOLIDARITY IRIKKUR

താക്കോല്‍ദാന വിവാദം
രാഷ്ട്രീയപ്രേരിതം -സോളിഡാരിറ്റി
ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്തിലെ കുളിഞ്ഞയില്‍ താമസിക്കുന്ന ചെറിയാണ്ടീലകത്തെ രോഹിണിയുടെ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് സോളിഡാരിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാഹനാപകടത്തില്‍ കാലു നഷ്ടപ്പെട്ട രോഹിണിയുടെ ദുരിതാവസ്ഥ പത്രത്തില്‍ കണ്ട സോളിഡാരിറ്റി പ്രവര്‍ത്തകര്‍ അവരുടെ വീട് സന്ദര്‍ശിക്കുകയും തുടര്‍ന്ന് നടത്തിയ ഇടപെടല്‍ കാരണമായി ഇരിക്കൂര്‍ പഞ്ചായത്തിന്റെ ആശ്രയ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പദ്ധതി വിഹിതമായി അനുവദിച്ച 1,30,000 രൂപയോടൊപ്പം സോളിഡാരിറ്റി സ്വരൂപിച്ച 1,50,000 രൂപകൂടി ചേര്‍ത്ത് സോളിഡാരിറ്റി ഇരിക്കൂര്‍ യൂനിറ്റാണ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തത്. വീട് നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നല്‍കിയ ശാരീരിക അധ്വാനം കൂടി ചേര്‍ക്കുമ്പോള്‍ കിണറുള്‍പ്പെടെ വീടിന്റെ പണി പൂര്‍ത്തിയാവുമ്പോള്‍ മൂന്നര ലക്ഷം രൂപ ചെലവാകും. പഞ്ചായത്ത് വകയിരുത്തിയ തുകയില്‍ ഇതുവരെ 65,000 രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
'നിങ്ങളുടെ പണം + ഞങ്ങളുടെ അധ്വാനം=വീടില്ലാത്തവര്‍ക്കൊരു വീട് 'എന്ന ആശയവുമായി സോളിഡാരിറ്റി സംസ്ഥാനതലത്തില്‍ നല്‍കുന്ന ഭവന പദ്ധതിയുടെ ഭാഗമായാണ് വീട് ഏറ്റെടുത്തത്. ഇതിനകം ആയിരക്കണക്കിന് വീടുകള്‍ നിര്‍മിച്ചു നല്‍കിയ സോളിഡാരിറ്റിക്ക് കേരള സര്‍ക്കാറിന്റെ ഹൌസിങ് പ്രോജക്ടില്‍ ഉള്‍പ്പെട്ട 25 വീടുകള്‍ പ്രവര്‍ത്തകരുടെ അധ്വാനത്തോടുകൂടി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇരിക്കൂറിലെ നാലാമത്തെ വീടാണ് രോഹിണിയുടേത്. ഇരിക്കൂര്‍ പഞ്ചായത്തില്‍ പണി പാതിവഴിയില്‍ നിന്ന ഏഴ് ആശ്രയ ഭവനങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ സോളിഡാരിറ്റി തയാറാണെന്നും ഈ രീതിയില്‍ മുന്നോട്ടുവരുന്ന ഏതു സംഘടനയെയും സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ്, യൂനിറ്റ് സെക്രട്ടറി എന്‍.വി. ത്വാഹിര്‍, വൈസ് പ്രസിഡന്റ് കെ.പി. ഹാരിസ്, കെ. മഷ്ഹൂദ്, ടി. കബീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
29.08.2010

No comments:

Post a Comment